സ്തുതിയും നന്ദിയും (#9828)

അല്ലയോ എന്‍റെ ദൈവമേ, എല്ലാ സ്തുതിയും സകലകീര്‍ത്തിയുടേയും, പ്രതാപത്തിന്‍റേയും, മഹത്വത്തിന്‍റേയും, ബഹുമതിയുടേയും, പരമാധികാരത്തിന്‍റേയും, ആധിപത്യത്തിന്‍റേയും, ഉത്തുംഗതയുടേയും, ചാരുതയുടേയും, ഭയഭക്തിയുടേയും, ശക്തിയുടേയും സ്രോതസ്സായ അവിടുത്തേക്കാകട്ടെ. അവിടുന്ന് ഇച്ഛിക്കുന്നവരെ അവിടുത്തെ അതിമഹത്തായ സമുദ്രത്തിന്‍റെ സാമിപ്യത്തിലേക്കടുപ്പിക്കാന്‍ അവിടുന്നു കാരണമാകുന്നു. അവിടുന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവിടുത്തെ അതിപൗരാണിക നാമത്തെ തിരിച്ചറിയുന്നതിനുള്ള ബഹുമതി അവിടുന്നു നല്‍കുന്നു. ഭുവിലും ദ്യോവിലുമുള്ള ആര്‍ക്കും തന്നെ അവിടുത്തെ പരമാധികാര ഇച്ഛയുടെ പ്രവര്‍ത്തനത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുകയില്ല. സകല അനശ്വരതയിലും നിന്നുകൊണ്ട് അവിടുന്നു മുഴവന്‍ സൃഷ്ടിജാലത്തേയും ഭരിക്കുന്നു. സൃഷ്ടിക്കപ്പെട്ട സകല വസ്തുക്കളുടേയും മേല്‍ അവിടുത്തെ പരമാധികാരം പ്രയോഗിക്കുന്നത് അവിടുന്ന് എന്നെന്നും തുടര്‍ന്നുകൊണ്ടേയിരിക്കും. സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രബലനും സര്‍വ്വവിവേകിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.
അല്ലയോ പ്രഭോ, അവിടുത്തെ സേവകരുടെ വദനങ്ങള്‍ പ്രകാശമാനമാക്കിയാലും. അങ്ങനെ അവര്‍ അങ്ങയെ ദര്‍ശിക്കുമാറാകട്ടെ. അവിടുത്തെ സ്വര്‍ഗ്ഗീയ ആനുകൂല്യങ്ങളുടെ സദസ്സിനു നേര്‍ക്ക് അവര്‍ തിരിയുമാറും, അവിടുത്തെ സത്തയുടെ  പകല്‍ വസന്തവും അവിടുത്തെ വ്യക്തിത്വത്തിന്‍റെ പ്രകടഭാവവും ആയ അവനെ തിരിച്ചറിയുമാറും അവരുടെ ഹൃദയങ്ങളെ ശുചീകരിച്ചാലും. സത്യമായും അങ്ങു സകലലോകങ്ങളുടെയും പ്രഭുവാണ്. അനിയന്ത്രിതനും സര്‍വ്വവിജയിയും ആയ അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

സ്തുതിയും നന്ദിയും (#9829)

അല്ലയോ പ്രഭോ, എന്‍റെ ദൈവമേ, അവിടുന്നു പ്രകീര്‍ത്തിതനാകട്ടെ! അവിടുത്തെ അവതാരത്തെ തിരിച്ചറിയാന്‍ എന്നെ പ്രാപ്തനാക്കിയതിനും അവിടുത്തെ ശത്രുക്കളില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിനും അവിടുത്തെ ദിനങ്ങളിലുള്ള അവരുടെ ദുഷ്പ്രവൃത്തികളും അധാര്‍മ്മികമായ ചെയ്തികളും എന്‍റെ നേത്രങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയതിനും അവരുമായുള്ള എല്ലാ ആസക്തികളില്‍ നിന്നും എന്നെ അകറ്റിയതിനും പൂര്‍ണ്ണമായും അവിടുത്തെ കാരുണ്യത്തിന്‍റേയും ഉദാരമായ ആനുകൂല്യങ്ങളുടേയും നേര്‍ക്ക് എനിക്കു തിരിയാന്‍ കാരണമാക്കിയതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അവിശ്വാസികളുടെ പരാമര്‍ശങ്ങളില്‍ നിന്നും തെറ്റായി വിശ്വസിച്ചവരുടെ സൂചകങ്ങളില്‍ നിന്നും എന്നെ അങ്ങനെ പവിത്രീകരിക്കുന്നതിന് അവിടുത്തെ ഇച്ഛയാകുന്ന മേഘങ്ങളില്‍ നിന്ന് എന്നിലേക്കു വര്‍ഷിച്ചതിനും അങ്ങനെ എന്‍റെ ഹൃദയത്തെ അങ്ങയില്‍ ഉറപ്പിച്ചതിനും അവിടുത്തെ വദനത്തിന്‍റെ പ്രകാശത്തെ നിരസിച്ചിട്ടുള്ളവരില്‍ നിന്ന് ഞാന്‍ പാലായനം ചെയ്തതിനും ഞാന്‍ അങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു. അങ്ങയുടെ സ്നേഹത്തില്‍ ദൃഢതയുള്ളവനാകുന്നതിനും അവിടുത്തെ സ്തുതികള്‍ വര്‍ണ്ണിക്കുന്നതിനും അവിടുത്തെ നډകള്‍ വാഴ്ത്തുന്നതിനും ദൃശ്യവും അദൃശ്യവും ആയ സകലവസ്തുക്കളേയും അതിശയിക്കുന്ന അവിടുത്തെ കാരുണ്യത്തിന്‍റെ കോപ്പയില്‍ നിന്ന് പാനം ചെയ്യാന്‍ എനിക്കു നല്‍കിയതിനും വീണ്ടും ഞാനങ്ങയോടു നന്ദിയുള്ളവനായിരിക്കുന്നു.
സര്‍വ്വശക്തനും അത്യുന്നതനും സര്‍വ്വപ്രകീര്‍ത്തിതനും സര്‍വ്വസ്നേഹിയുമാണങ്ങ്.

-Bahá'u'lláh
-----------------------

സ്തുതിയും നന്ദിയും (#9830)

എന്‍റെ ദൈവമേ, എന്‍റെ ആരാധനയ്ക്കു പാത്രമായവനേ, എന്‍റെ നൃപനേ, എന്‍റെ അഭിലാഷമേ! അങ്ങയോടുള്ള എന്‍റെ നന്ദി ഏതു നാവിനാലാണ് ശബ്ദിക്കാന്‍ കഴിയുക? ഞാന്‍ ശ്രദ്ധയില്ലാത്തവനായിരുന്നു, അങ്ങ് എന്നെ ഉണര്‍ത്തി. ഞാന്‍ അങ്ങയില്‍ നിന്നു പുറം തിരിഞ്ഞിരിക്കുകയായിരുന്നു; അങ്ങ് കാരുണ്യപൂര്‍വ്വം അങ്ങയിലേക്കു തിരിയാന്‍ എന്നെ സഹായിച്ചു. ഞാന്‍ ജീവച്ഛവമായിരുന്നു. ജീവജലത്താല്‍ അങ്ങ് എന്നെ ജീവിപ്പിച്ചു. ഞാന്‍ വരണ്ടു പോകുകയായിരുന്നു; സര്‍വ്വദയാമയന്‍റെ തൂലികയില്‍ നിന്നൊഴുകിയ അവിടുത്തെ വചനങ്ങളുടെ സ്വര്‍ഗ്ഗീയ അരുവിയാല്‍ അങ്ങ് എന്നെ പുനര്‍ബലപ്പെടുത്തി.
ദൈവമേ! എല്ലാ അസ്തിത്വവും അവിടുത്തെ ഔദാര്യത്താല്‍ ഉള്ളവയാണ്; അവിടുത്തെ ഉദാരതയുടെ ജലം അതിന് നിഷേധിക്കരുതേ. അവിടുത്തെ ദയയുടെ സമുദ്രത്തില്‍ നിന്ന് അതിനെ തടഞ്ഞുവെക്കുകയും ചെയ്യരുതേ. എല്ലാ സമയത്തും ഏതവസ്ഥകളിലും എന്നെ തുണക്കുകയും സഹായിക്കുകയും ചെയ്യാനും അവിടുത്തെ കാരുണ്യസ്വര്‍ഗ്ഗത്തില്‍ നിന്ന് അവിടുത്തെ പൗരാണിക ആനുകൂല്യത്തെ തേടാനും ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. സത്യത്തില്‍ അങ്ങാണ് ഔദാര്യത്തിന്‍റെ പ്രഭുവും അനശ്വര സാമ്രാജ്യത്തിന്‍റെ പരമാധികാരിയും.

-Bahá'u'lláh
-----------------------

സ്തുതിയും നന്ദിയും (#9831)

പ്രഭോ, എന്‍റെ ദൈവമേ, അങ്ങയ്ക്കു സ്തുതി. അനശ്വരകാലം മുതല്‍ അവിടുത്തെ സര്‍വ്വാതിശായിയായ മഹത്വത്തിലും പ്രബലതയിലും അങ്ങ് ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അനശ്വരതവരെയും അവിടുത്തെ അതിശയിക്കുന്ന ശക്തിയും കീര്‍ത്തിയും നിലകൊള്ളുമെന്നും ഉള്ളതിന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഭൂവിലേയും ദ്യോവിലേയും സാമ്രാജ്യങ്ങളിലാര്‍ക്കും തന്നെ അവിടുത്തെ ഉദ്ദേശ്യത്തെ വിഘ്നപ്പെടുത്താന്‍ കഴിയുകയില്ല. വെളിപാടിന്‍റേയും സൃഷ്ടിയുടേയും സാമ്രാജ്യങ്ങളിലാര്‍ക്കുംതന്നെ അങ്ങയ്ക്കെതിരെ വിജയിക്കുവാന്‍ കഴിയുകയില്ല. അവിടുത്തെ കല്പനയില്‍ അവിടുന്ന് ഇച്ഛിക്കുന്നത് അവിടുന്നു ചെയ്യുന്നു. അവിടുന്നു പ്രീതിപ്പെടുന്നതുപോലെ അവിടുന്നു ഭരിക്കുന്നു.
അല്ലയോ, പ്രഭാതം പ്രത്യക്ഷപ്പെടാന്‍ കാരണമാക്കിയവനേ! ഭൂവിലും ദ്യോവിലുമുള്ള എല്ലാറ്റിനും മുമ്പില്‍ അവിടുത്തെ സ്നേഹത്തിന്‍റെ ജ്വാല--അവിടുത്തെ സൃഷ്ടിയുടെ സാമ്രാജ്യത്തില്‍ അവിടുത്തെ വിവേകമാകുന്ന ഇന്ധനത്താല്‍ അവിടുന്നു കത്തിച്ച ജ്വാല-- കൊണ്ട് അവിടുന്നു കൊളുത്തിയ അവിടുത്തെ വിളക്കിനാല്‍ അവിടുത്തെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറന്നിട്ടുള്ളവരിലും തങ്ങളുടെ ഇച്ഛയെ അവിടുത്തെ കല്‍പനക്ക് അധീനപ്പെടുത്തിയവരിലും ഒരാളായിത്തീര്‍ക്കാന്‍ ഞാന്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ പ്രഭോ, ഞാന്‍ പൂര്‍ണമായും ഹതഭാഗ്യനാണ്. അങ്ങ് അതിശക്തനും സര്‍വ്വപ്രബലനുമാണ്. അവിടുത്തെ കാരുണ്യത്താലും അവിടുത്തെ ഉദാരമായ ആനുകൂല്യത്താലും എന്‍റെ മേല്‍ കനിവുകാണിച്ചാലും. അങ്ങയേയും അങ്ങയ്ക്കു പ്രിയപ്പെട്ടവരേയും സേവിക്കാന്‍ എന്നെ കാരുണ്യപൂര്‍വ്വം സഹായിച്ചാലും. അവിടുന്നു ഇച്ഛിക്കുന്നതുപോലെ ചെയ്യാന്‍ ശക്തനാണവിടുന്ന്. അവിടുത്തെ പരമാധികാരത്തിന്‍റെ ശക്തിയാല്‍, ശക്തിയുടെയും കീര്‍ത്തിയുടെയും വിവേകത്തിന്‍റെയും ദൈവമായ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.

-Bahá'u'lláh
-----------------------

